ഭയം നല്ലതല്ലേ? ഭയത്തിനു ഒരു വിവേകമില്ലേ?
സ്വാഭാവികമായ ചോദ്യമാണ്. കായലിലോ കടലിലോ അപകടത്തിൽ പെടാതിരിക്കാൻ, തീയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കാൻ - പൊതുവിൽ അങ്ങനെ പല അപകടങ്ങളും ഒഴിവാക്കാനും ജീവൻ നിലനിർത്താനും ഭയം സഹായം ചെയ്യുന്നില്ലേ?
ഉണ്ട്. ജീവൻ നിലനിർത്താൻ ഭയത്തിന്റെ വിവേകം പലപ്പോഴും സഹായിക്കാറുണ്ട്. അത് നല്ല കാര്യം തന്നെ.
നിലനിർത്തിയ ജീവൻ ഉപയോഗിച്ച് എന്തു ചെയ്യാം/ചെയ്യണം എന്നു ആലോചിക്കുമ്പോഴാണ് ഭയത്തിന്റെ വിവേകത്തിനപ്പുറം സ്നേഹത്തിന്റെ വിവേകം ഉപയോഗിച്ചു തുടങ്ങുന്നതിന്റെ പ്രസക്തി വരുന്നത്.
Survival-നു ശേഷം thriving-ഉം flourishing-ഉം വേണ്ടേ? അതിജീവനത്തിനു ശേഷം, അഭിവൃദ്ധിയും തഴച്ചുവളരലും വേണ്ടേ?
പുതുതായി നട്ട ഒരു ചെടി, ആദ്യ ദിവസങ്ങളിൽ വേരുറപ്പിക്കാൻ ശ്രമിച്ച ശേഷം, അതിന്റെ പൂർണ്ണവളർച്ചയിലേക്ക് - പൂചൂടലിലേക്കു, ഫലം ഉണ്ടാകുന്നതിലേക്കു - നീങ്ങുകയാണ് ചെയ്യുന്നത്. അതുപോലെ, എന്താണ് മനുഷ്യന്റെ പൂർണ്ണവളർച്ച? അതു കണ്ടെത്താനും മനസ്സിലാക്കാനും ഭയത്തിന്റെ അടിസ്ഥാനത്തിലുള്ള വിചാര-വിശ്വാസ മാതൃകകളേക്കാൾ സ്നേഹത്തിന്റെ അടിസ്ഥാനത്തിലുള്ള മാതൃകകൾ സഹായിക്കും എന്ന് നമ്മൾ പറയുകയാണ്.
സംഗ്രഹം
- ‘ഭയത്തിന്റെ വിവേകം’ ജീവൻ നിലനിർത്താൻ പലപ്പോഴും സഹായകമാണ്.
- “നിലനിർത്തലി”നുമപ്പുറം ജീവൻ കൊണ്ട് ചെയ്യാൻ സാധ്യതകളുണ്ട്, അവസരങ്ങളുണ്ട്.
- ആ സാധ്യതകളും അവസരങ്ങളും അറിയാനും, അവയെപ്പറ്റി പ്രവർത്തിക്കാനും സ്നേഹത്തിന്റെ വിവേകം സഹായം ചെയ്യും.
- ഇതിനാലാണ്, അടിസ്ഥാന തത്വങ്ങളെ സ്നേഹത്തിന്റെ വെളിച്ചത്തിൽ പുതുക്കി മനസ്സിലാക്കാൻ സ്വാഗതം ചെയ്യുന്നത്.